കൊല്ലം: 54-ാമത് കല്ലട ജലോത്സവവും സംസ്ഥാന ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യന്‍സ് ബോട്ട്ലീഗിന്റെ രണ്ടാം പാദമത്സരവും കല്ലട ആറ്റിലെ മുതിരപറമ്പ്-കാരൂത്തറക്കടവു നെട്ടായത്ത്് 23ന് നടക്കും.
നെഹ്റുട്രോഫി മത്സരത്തില്‍ വിജയിച്ച ഒന്‍പത് ചുണ്ടന്‍വള്ളങ്ങളും 15ല്‍ പരം വെപ്പ്, ഇരുട്ട്കുത്തി വിഭാഗത്തിലുള്ള വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും . കല്ലട ജലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കല്ലടയാറ്റില്‍ ഇത്രയുമധികം മത്സര വള്ളങ്ങള്‍ എത്തിച്ചേരുന്നത്.
23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജലമേള ഉദ്ഘാടനം ചെയ്യും. ഉല്ലാസ് കോവൂര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യാതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മാനദാനം നിര്‍വഹിക്കും. ബി.ബി. ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം വത്സലാ സതീഷന്, ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ബൈജു, പഞ്ചായത്ത് പ്രസിഡന്റുമാരായ മായ നെപ്പോളിയന്, സൈമണ്‍ വര്‍ഗീസ്, അംബികാകുമാരി, സിപിഎം ജില്ലാകമ്മിറ്റിയംഗം ഡോ.പി.കെ. ഗോപന്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
രണ്ടായി നടത്തിവന്ന കല്ലട ജലോത്സവവും സിബിഎല്ലും ഈ വര്‍ഷം മുതല്‍ ഒന്നിച്ചു നടത്തുകയാണ്. ടൂറിസം വകുപ്പ്, കല്ലട ജലോത്സവ കമ്മിറ്റി, കല്ലടയിലെ മൂന്ന് പഞ്ചായത്ത് പ്രതിനിധികള്‍, ബോട്ട് ക്ലബ് ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
പത്രസമ്മേളനത്തില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എ., ഡിറ്റിപിസി സെക്രട്ടറി ജ്യോതിഷ് കേശവ്, മണ്ട്രോത്തുരുത്ത് പ്രസിഡന്റ് മായാ നെപ്പോളിയന് ജലോത്സവ കമ്മിറ്റി ചെയര്മാന് ഷിബു, ജനറല്‍ കണ്‍വീനര്‍ എസ്. സന്തോഷ് കുമാര്‍, സ്വാഗതം സംഘം ചെയര്മാന് സുരേഷ് ആറ്റുപുറം, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് എ. അനീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.